കണ്ണൂർ: വിട്ടുമാറാത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്താം തരം വിദ്യാർഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ തലായി ലക്ഷ്മണ നിവാസിൽ ദക്ഷിത് ബാബു (15) ആണ് മരിച്ചത്
ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സ്കൂളിലെ മറ്റ് ചില കുട്ടികൾക്കും ദിവസങ്ങൾക്ക് മുൻപ് പനി ബാധിച്ചിരുന്നുവെങ്കിലും അവരെല്ലാം വേഗത്തിൽ രോഗമുക്തി നേടിയിരുന്നു. എന്നാൽ ദക്ഷിതിന് ബാധിച്ച പനി നിയന്ത്രണ വിധേയമാകാതിരുന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്കൂളിലെത്തി വിശദമായ പ്രതിരോധ പരിശോധനകൾ നടത്തി.
കണ്ണൂരിൽ നിന്നുള്ള ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആറംഗ പ്രത്യേക സംഘവും സ്കൂൾ കാമ്പസിൽ നേരിട്ട് എത്തിയിരുന്നു. പനിക്ക് കാരണമായ വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തലായിലെ വേലിക്കോത്ത് ദിലീഷ് ബാബുവിന്റെയും ധന്യയുടെയും മകനാണ് മരിച്ച ദക്ഷിത് ബാബു. സഹോദരി: ദിയ ബാബു. സംഭവത്തെ തുടർന്ന് പ്രദേശത്തും സ്കൂൾ പരിസരങ്ങളിലും ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

