പിണറായിക്ക് ആശ്വാസം; സി.എം.ആർ.എൽ-എക്സലോജിക്‌ കേസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

Kannadiparamba online news
Screenshot

ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. കൂടാതെ, അധികാര പരിധി കടക്കരുതെന്ന് ഇ.ഡിയ്ക്കും സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി.

വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് രൂപീകരിച്ച ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ പിണറായിയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹത്തിന് 82 വയസ്സായതിനാൽ അടിയന്തര സംരക്ഷണം നൽകണമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കാമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്. വ്യാഴാഴ്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ 1:34-നാണ് പിണറായി വിജയൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഇ.ഡി. കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ലെന്നും, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിക്കുന്നതിനായി പണം ലഭിച്ചുവെന്ന് പറയുന്നതല്ലാതെ, എന്ത് ആനുകൂല്യമാണ് നൽകിയതെന്നോ ആരാണ് അത് ആവശ്യപ്പെട്ടതെന്നോ വ്യക്തമാക്കുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!