കണ്ണാടിപ്പറമ്പ് സ്കൂളിൽ പിടിഎ തെരഞ്ഞെടുപ്പ് വിവാദം; ഏകപക്ഷീയമായ കമ്മിറ്റിക്കെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിലേക്ക്

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ ഉത്തരവുകളും സുതാര്യതയും ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് അട്ടിമറിച്ച നടപടിക്കെതിരെ ബൈജു കെ. ഉൾപ്പെടെയുള്ള രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് പരാതി സമർപ്പിക്കുകയും തെരഞ്ഞെടുപ്പ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാന ആരോപണങ്ങൾ:

 ബദൽ പാനൽ തള്ളി: കഴിഞ്ഞ സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് 2:30-ന് സ്കൂളിൽ ചേർന്ന പിടിഎ ജനറൽ ബോഡി യോഗത്തിലാണ് അട്ടിമറി നാടകങ്ങൾ അരങ്ങേറിയത്. നിലവിലുള്ള പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ അംഗങ്ങൾക്കായി സ്വന്തം പാനൽ അവതരിപ്പിച്ചെങ്കിലും യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് രക്ഷിതാക്കളിൽ പെട്ട 11 അംഗങ്ങൾ ഉൾപ്പെടുന്ന ബദൽ പാനൽ യോഗ അധ്യക്ഷന് മുമ്പാകെ സമർപ്പിക്കുകയും, പങ്കെടുത്ത 30-ലധികം രക്ഷിതാക്കൾ രേഖാമൂലം ഇതേ പാനലിനെ പിന്തുണച്ച് പകര്‍പ്പ് നല്‍കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ സജീവൻ മാസ്റ്റർ, നിർദ്ദേശകന്റെയോ പിന്താങ്ങുന്നയാളുടെയോ പേരോ ഒപ്പോ അപേക്ഷയിൽ ഇല്ലെന്ന നിസ്സാര സാങ്കേതികത്വം പറഞ്ഞ് 30-ലധികം ആളുകൾ നൽകിയ ബദൽ പാനൽ പൂർണ്ണമായും തള്ളിക്കളയുകയും നിലവിലെ കമ്മിറ്റിയുടെ പാനൽ ഏകപക്ഷീയമായി അംഗീകരിക്കുകയുമായിരുന്നു എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

 ചട്ടവിരുദ്ധ നടപടികൾ: സർക്കാർ ഉത്തരവുകളും (G.O.(MS) No. 25/06/2007, 126/2007, 142/2007) ഹൈക്കോടതി വിധികളും (WP(C) No. 27245/2012 & WP(C) No. 31011/2018) ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. റിട്ടേണിംഗ് ഓഫീസറെ പ്രഖ്യാപിക്കുകയോ പ്രൊസീജറുകൾ വിശദീകരിക്കുകയോ ചെയ്തിട്ടില്ല. പുറത്തുനിന്നുള്ള രാഷ്ട്രീയ പാർട്ടി നേതാവിന്റെ നിർദ്ദേശാനുസരിച്ചാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

 വിഭാഗീയതയും മറ്റ് ആക്ഷേപങ്ങളും: സ്കൂളിൽ നിലനിൽക്കുന്ന രാഷ്ട്രീയ വിഭാഗീയതയുടെ തുടർച്ചയാണ് ഈ സംഭവങ്ങൾ. വിജയോത്സവ പരിപാടിയിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിനും ചില അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.

ചട്ടവിരുദ്ധമായി നടത്തിയ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അടിയന്തരമായി റദ്ദാക്കി, യഥാർത്ഥ രക്ഷിതാക്കളെ മാത്രം ഉൾപ്പെടുത്തി സുതാര്യമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും (DGE) കേരള ഹൈക്കോടതിക്കും മുമ്പാകെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!