ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നത് അർജുൻ ആയങ്കിയെ അകത്താക്കാൻ; ഇത് താൻ ടാ ‍‍’കണ്ണൂർ സ്ക്വാഡ്

Kannadiparamba online news
Screenshot

കണ്ണൂർ ∙ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നുപ്രവർത്തിച്ചത് മറ്റൊരു ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ അകത്താക്കാൻ. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയാമെന്നു കരുതിയ അർജുൻ ആയങ്കിയുടെയും മറ്റു ഗുണ്ടകളുടെയും എല്ലാ പ്രതീക്ഷയും തകർക്കുന്നതായിരുന്നു കണ്ണൂർ സക്വാഡിന്റെ പഴുതടച്ച അന്വേഷണം.

കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്, സിറ്റി പൊലീസ് കമ്മിഷണർ വി.വിജയഭരത് റെഡ്ഡി, റൂറൽ എസ്പി ഉമേഷ് ഗോയൽ, കണ്ണൂർ എസിപി എം.പി.ആസാദ് എന്നിവർ നേതൃത്വം നൽകിയ കണ്ണൂർ സ്ക്വാഡ് അന്വേഷണമികവിന്റെ മറ്റൊരു പൊൻതൂവൽകൂടി കരസ്ഥമാക്കി.

കണ്ണൂർ സിറ്റി പൊലീസിനു കീഴിലെ എസ്ഐ ഷനിജ്, വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലവൻ, സിപിഒമാരായ നാസർ, അനൂപ്, ഷംസീർ, റൂറൽ പൊലീസിലെ എസ്ഐ ഷറഫുദ്ദീൻ, സയ്ദ്, ശ്രീകാന്ത്, നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷ്റഫ്, എ.ജി.ജബ്ബാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സൈബർ പൊലീസിന്റെയും ഡാൻസാഫിന്റെയും സഹായവും ലഭിച്ചു.

അർജുൻ ആയങ്കി കണ്ണൂർ ജില്ലയിലെത്തിയിട്ടുണ്ട് എന്നു മാത്രമേ പൊലീസിന് വിവരം ലഭിച്ചിരുന്നുള്ളൂ. പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നു അർജുൻ ആയങ്കി വെല്ലുവിളിച്ചപ്പോൾ അത് കണ്ണൂർ സ്ക്വാഡിനെയാണെന്നു കരുതിയിരിക്കില്ല. കാരണം ഇതിനു മുൻപും എത്രയോ സംഭവങ്ങളിൽ തുമ്പുണ്ടാക്കിയ കഥകൾ പറയാനുണ്ട് കണ്ണൂർ സ്ക്വാഡിന്. അന്വേഷണസംഘത്തിലുള്ളതെല്ലാം ഇതര സംസ്ഥാനങ്ങളിൽ വരെ പോയ ക്രിമിനൽകേസ് പ്രതികളെ പൊക്കിയവരാണ്. ഈ സംഘത്തിലുള്ള ചിലരെക്കുറിച്ചാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയൊരുങ്ങിയത്.

ആയങ്കിക്ക് മുൻപ് രാഷ്ട്രീയനേതൃത്വത്തിന്റെ പിൻബലമുണ്ടായിരുന്നെങ്കിൽ ഇക്കുറി അതില്ലെന്ന് പൊലീസിന് ഉറപ്പായിരുന്നു. സുഹൃത്തുക്കളുടെ പിൻബലത്തിലാണ് ആയങ്കി ഒളിച്ചിരിക്കുക എന്നും ഉറപ്പിച്ചതോടെ ഇവരെ പിടികൂടുക എന്ന തന്ത്രമാണ് പൊലീസ് ആദ്യമെടുത്തത്. അതോടൊപ്പം ബന്ധുക്കളെയും നോട്ടമിട്ടു. അമ്മയെ ചോദ്യം ചെയ്താണു തുടങ്ങിയത്. വീണ്ടും അമ്മയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ഇനിയും ഒളിച്ചിരുന്നാൽ പൊലീസ് വീട്ടിലേക്കെത്തുമെന്നതിന്റെ സൂചനയായി. അതുകൊണ്ടുതന്നെയാണ് അഭിഭാഷകയെ കാണാൻ കണ്ണൂരിലെത്തിയത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് പിടികൂടിയതോടെ അധികകാലം ഒളിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.

തളിപ്പറമ്പിലെ ഓട്ടോഡ്രൈവറുടെ ഫോൺ എത്തിയതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തി. മണിക്കൂറുകൾക്കകം അഭിഭാഷകയുടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുക്കാനും സാധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!