കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് അധികൃതർ കാട്ടിയ മനുഷ്യത്വരഹിതമായ അനാദരവിനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന ഗുരുതരമായ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും നേർചിത്രമാണ് ഈ സംഭവമെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
പത്തുമണിക്കൂറിലധികം നീണ്ട യാത്രയായിരുന്നിട്ടും, ഫ്രീസറില്ലാതെ നാലുദിവസം പഴക്കമുള്ള മൃതദേഹം വിട്ടുകൊടുത്തത് അങ്ങേയറ്റം അനാസ്ഥയാണ്. ഫണ്ടില്ലെന്ന് പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ചത് പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പാതിരാത്രിയിൽ ചാവക്കാട്ട് വെച്ച് മൃതദേഹം മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റേണ്ടി വന്നത് ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴമാണ് വ്യക്തമാക്കുന്നത്. രാജേഷിനെ കാണാതായപ്പോൾ ഫയർഫോഴ്സിന്റെ തിരച്ചിൽ മൂന്നാം ദിവസമാണ് ആരംഭിച്ചത്. മണ്ഡലത്തിൽ ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും പയ്യന്നൂർ എം.എൽ.എ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനോ നീതി പുലർത്താനോ തയ്യാറായില്ലെന്നും ജനപ്രതിനിധി പൂർണ്ണമായും നിഷ്ക്രിയനായി മാറിനിന്നുവെന്നും പ്രസ്താവനയിൽ ആരോപിച്ചു.
ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ച റവന്യൂ, ആരോഗ്യ വകുപ്പ് മേധാവികളെ അടിയന്തരമായി പ്രൊസിക്യൂട്ട് ചെയ്യണമെന്നും, ദുരന്തമുഖത്ത് അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

