കണ്ണൂർ: നഗരത്തിൽ കാൽനടയാത്രക്കാർക്കും കൃഷിക്കും വൻ ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാനുള്ള നടപടികൾക്ക് കണ്ണൂർ കോർപ്പറേഷൻ തുടക്കം കുറിച്ചു. താണ കരുവള്ളിക്കാവ് പരിസരത്ത് തുരിശ് ലായനി തളിച്ച് മേയർ പി. ഇന്ദിര പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധനവാണ് ഇത്തവണ പലയിടങ്ങളിലും ഒച്ചുകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
ഒരു കിലോ കോപ്പർ സൾഫേറ്റ് (തുരിശ്) 10 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത്. കാബേജ്, പച്ചക്കറി ഇലകൾ കൂട്ടിയിട്ട് വൈകുന്നേരങ്ങളിൽ ഒച്ചുകളെ ആകർഷിച്ച ശേഷം അവയ്ക്കു മീതെ ലായനി തളിക്കുന്ന രീതിയാണ് കോർപ്പറേഷൻ നിലവിൽ അവലംബിക്കുന്നത്. വാർഡ് തലത്തിൽ ചെറിയ തോതിലുള്ള ഒച്ചുശല്യത്തിന് ഉപ്പ്, ബ്ലീച്ചിങ് പൗഡർ, പുകയില ലായനി എന്നിവ ഉപയോഗിച്ചും ഇവയെ നശിപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
ഇലകൾ തിന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമേ, ഒച്ചുകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ ഉൾപ്പെടെയുള്ള അലർജി ഉണ്ടാകുന്നതായും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, ലിഷ ദീപക്, വി.കെ. മുഹമ്മദ് അലി, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.ആർ. സന്തോഷ് കുമാർ എന്നിവരും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

