തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപക നാശനഷ്ടവും ഉരുൾപൊട്ടലും. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിലും വ്യാപകമായി ഉരുൾപൊട്ടലുണ്ടായി.
കനത്ത മഴയിൽ പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. വണ്ടിപ്പെരിയാർ ഉൾപ്പെടെ പലയിടങ്ങളിലും റോഡിൽ വെള്ളം കയറിയതിനെത്തുടർന്നും, കൊട്ടാരക്കര – ദിണ്ടുഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞതിനെത്തുടർന്നും മൂന്നു ജില്ലകളിലും ഗതാഗതം പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

