തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥാ വ്യതിയാനവും വൈദ്യുതി ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് 28 ശതമാനമായി ചുരുങ്ങിയതായും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കാൻ ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമിക്കുകയാണ്. ഇതിനായി റെഗുലേറ്ററി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്. കൂടാതെ ബാറ്ററി സ്റ്റോറേജ് സംവിധാനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര പൂളിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നിട്ടുണ്ട്. ഇതിനുപുറമെ, മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് നിലവിലെ വലിയൊരു ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ ഭരണപരാജയമാണെന്ന വിമർശനങ്ങളെ മന്ത്രി തള്ളി. ഇടതുപക്ഷ സർക്കാരിന്റെ കാലത്തും ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ അഭ്യർത്ഥിക്കണമെന്ന് മുൻ മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ പവർകട്ട് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കുന്നുണ്ട്. എന്നാൽ വൈദ്യുതി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. ഈ കടുത്ത പ്രതിസന്ധി മറികടക്കുന്നതിനായി സാധ്യമായ എല്ലാ ഇടപെടലുകളും കെ.എസ്.ഇ.ബി (KSEB) നടത്തുന്നുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

