‘
സാധാരണ ക്ലാസ് മുറി പോലെ ശ്വാസം അടക്കിപ്പിടിച്ച് അച്ചടക്കത്തോടെ ഇരിക്കുകയായിരുന്നു കുട്ടികള്‍. എന്നാല്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് സംസാരിച്ചു തുടങ്ങിയതോടെ ചോദ്യോത്തരങ്ങളും കളിചിരികളുമായി അവര്‍ കളം നിറഞ്ഞു. പാഠപുസ്തകങ്ങളിലെ പതിവ് പാഠങ്ങള്‍ക്കപ്പുറം, വലിയ ജീവിതപാഠങ്ങള്‍ പകര്‍ന്നു കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
ജില്ലാ കളക്ടറുമായുള്ള കുട്ടികളുടെ പ്രതിവാര സംവാദ വേദിയായ ‘കളം’ പരിപാടിയാണ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായത്.
കണ്ണൂർ ഭാരതീയ വിദ്യാഭവനിലെയും സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലെയും അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ കളം പരിപാടിയിലെ അതിഥികളായെത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ തുറന്ന സംവാദങ്ങള്‍ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പഠനം, കരിയര്‍, ഐ.എ.എസ് തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ കലക്ടറുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുവന്നു. അതോടൊപ്പം തങ്ങള്‍ക്കു ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും അവര്‍ ജില്ലാ കലക്ടറുമായി പങ്കുവച്ചു.
മേലെ ചൊവ്വയിലെ ഗതാഗതകുരുക്കിനെ കുറിച്ചായിരുന്നു ഭാരതീയ വിദ്യാഭവനിലെ പത്താം തരം വിദ്യാര്‍ത്ഥിനി തന്വി എന്‍ ജയേഷിന്റെ പരാതി. മികച്ച ഗതാഗതം ഉറപ്പാക്കുന്നതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിലെ നടപ്പാതകള്‍ കാല്‍നടയാത്രികര്‍ക്ക് അന്യമാവുന്നതിനെ കുറിച്ചും നിലവിലുള്ളതിന്റെ ശോചനീയാവസ്ഥയെ കുറിച്ചുമായിരുന്നു ഇതേ വിദ്യാലയത്തിലെ നൂഹയുടെ പരിഭവം. നടപ്പാതകള്‍ പ്രധാനപ്പെട്ടതാണെന്നും ഇവയെ വീണ്ടെടുക്കാനും സംരക്ഷിക്കാനും ജില്ലാഭരണകൂടം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകര്‍ക്ക് പകരമാകുമോ എന്ന ജില്ലാ കലക്ടറുടെ ചോദ്യത്തിന് ഒറ്റക്കെട്ടായിരുന്നു വിദ്യാര്‍ഥികളുടെ മറുപടി. ഇല്ല, ഒരിക്കലുമില്ല. കൃത്രമബുദ്ധിക്ക് ഗുരുനാഥന്മാരെ പോലെ സ്നേഹവും അനുകമ്പയും പകര്ന്നുനല്കാനാവില്ല.
ഉറക്കം പോലും മാറ്റിവെച്ചുള്ള അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചും അതുണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങളെ കുറിച്ചും ജില്ലാ കലക്ടര്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തി. പഠനത്തോടൊപ്പം ശരിയായ ഉറക്കവും ജീവിത മുന്നേറ്റത്തിന് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി കുട്ടികളുമായി പങ്കുവച്ചു. കുട്ടികള്‍ക്കായി വിവിധ വ്യക്തിത്വ വികസന ഗെയിമുകളും കളം പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് പ്രത്യേകം ആശംസ കാര്‍ഡുകള്‍ കൈമാറി. കളക്ടറോടൊത്തുള്ള ഫോട്ടോ കൂടി എടുത്താണ് വിദ്യാര്‍ഥികള്‍ കളം വിട്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

