ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇക്കുറി കളിക്കാനിറങ്ങുന്നത്. ഇതിഹാസ താരം ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ തുടങ്ങി 2022 ലോകകപ്പ് കിരീടം നേടിയ ഒട്ടുമിക്ക പ്രമുഖ താരങ്ങളും സ്‌കലോണിയുടെ സംഘത്തിലുണ്ട്. എന്നാൽ മലയാളി ആരാധകരുടെ പ്രിയതാരം പൗലോ ഡിബാലയ്ക്ക് ഇത്തവണ സ്ക്വാഡിൽ ഇടം നേടാനായില്ല.
തന്റെ ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ലയണൽ മെസ്സി തന്നെയാണ് ടീമിന്റെ പ്രധാന നെടുംതൂൺ. മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പം ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ് എന്നീ പ്രമുഖരും തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നീ യുവതാരങ്ങളുമുണ്ട്. അതേസമയം റയൽ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയെ ടീമിലേക്ക് പരിഗണിച്ചില്ല.
ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ എന്നിവരുൾപ്പെടുന്ന ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. യുവതാരം വാലന്റീൻ ബാർകോയും മധ്യനിരയിലുണ്ട്. ക്രിസ്റ്റിയൻ റൊമേറോ, ഗോൺസാലോ മൊൺടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങിയവർ പ്രതിരോധക്കോട്ട കാക്കുമ്പോൾ എമിലിയാനോ മാർട്ടിനസ് തന്നെയാണ് ഗോൾവല കാക്കുക. അതേസമയം, മെസ്സിയുടെയും എമിലിയാനോയുടെയും പരിക്ക് ടീമിന് ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

