മുംബൈ: ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ ചരിത്രമെഴുതിയ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് (CSK) 103 റൺസിന്റെ പടുകൂറ്റൻ ജയം. ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈ വെറും 104 റൺസിന് പുറത്തായി. സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറിയും, നാല് വിക്കറ്റെടുത്ത അകീൽ ഹൊസെയ്നിന്റെ തീപ്പൊരി ബൗളിങ്ങുമാണ് ചെന്നൈയ്ക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്.
സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം:
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസെടുത്തത്. 54 പന്തിൽ നിന്ന് 101 റൺസെടുത്ത സഞ്ജു സാംസൺ ആണ് ചെന്നൈ ഇന്നിംഗ്സിന് കരുത്തായത്. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. കൂടാതെ, മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ എന്ന ചരിത്രനേട്ടവും സഞ്ജു സ്വന്തമാക്കി. നായകൻ ഋതുരാജ് ഗെയ്ക്വാദ് (22), ഡെവാൾഡ് ബ്രവിസ് (21), കാർത്തിക് ശർമ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
തകർന്നടിഞ്ഞ് മുംബൈ:
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ തുടക്കത്തിൽ തന്നെ ചെന്നൈ ബൗളർമാർ വരിഞ്ഞുമുറുക്കി. 11 റൺസെടുക്കുന്നതിനിടെ ക്വിന്റൺ ഡി കോക്ക് (7), ഡാനിഷ് മലേവാർ (0), നമാൻ ധിർ (0) എന്നിവരെ മുംബൈയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ തിലക് വർമയും (37) സൂര്യകുമാർ യാദവും (36) ചേർന്ന് സ്കോർ 50 കടത്തിയെങ്കിലും, പിന്നീട് ചെന്നൈ ബൗളർമാർ ആഞ്ഞടിച്ചതോടെ മുംബൈ തകർന്നടിയുകയായിരുന്നു. 13.1 ഓവറിൽ 87-7 എന്ന നിലയിലേക്ക് വീണ മുംബൈ ഒടുവിൽ 104 റൺസിന് എല്ലാവരും പുറത്തായി.
നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അകീൽ ഹൊസെയിൻ ആണ് മുംബൈയുടെ നടുവൊടിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

