ബക്കളം: ദേശീയപാതാ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് സർവീസ് റോഡ് പൂർണമായി അടച്ചിട്ടതോടെ ബക്കളം, താഴെ ബക്കളം ഭാഗങ്ങളിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമായി. മൂന്നാഴ്ചയിലധികമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ പ്രദേശവാസികൾ ബസ് യാത്രക്കായി കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ്.
കടമ്പേരി, കാനൂൽ, പുന്നക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് തളിപ്പറമ്പ് ഭാഗത്തേക്ക് ബസ് കയറാൻ നിലവിൽ ധർമശാലയിലോ കുറ്റിക്കോലിലോ എത്തേണ്ട സ്ഥിതിയാണ്. കണ്ണൂർ ഭാഗത്തേക്ക് സർവീസ് റോഡ് വഴി ഏതാനും ബസുകൾ കടന്നുപോകുന്നുണ്ടെങ്കിലും, ഭൂരിഭാഗം ബസുകളും പുതിയ ആറുവരിപ്പാത വഴിയാണ് സർവീസ് നടത്തുന്നത്. ഇതു കാരണം ആന്തൂർ നഗരസഭയുടെ ആസ്ഥാനമായ ധർമശാലയിലും യാത്രാക്ലേശം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
പല ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ബസുകളും കല്യാശ്ശേരിയിൽനിന്ന് പുതിയ പാത വഴി കുറ്റിക്കോലിലേക്കും, സമാനരീതിയിൽ കണ്ണൂർ ഭാഗത്തേക്കും പോകുമ്പോൾ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയാണ് കടന്നുപോകുന്നത്. അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് ആഴ്ചകളായി റോഡ് അടച്ചിട്ടിട്ടും പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ദേശീയപാതാ അതോറിറ്റിയുടെ കരാറുകാർ പൂർണമായി അവഗണിക്കുകയാണെന്ന ശക്തമായ ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

