കണ്ണൂർ: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പദ്ധതിക്കായി ജില്ലയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ വ്യാപകമായി പിഴുതെറിഞ്ഞ് പ്രതിഷേധം. കണ്ണൂർ ജില്ലയിൽ മാത്രം 1267 കുറ്റികളാണ് നേരത്തെ സ്ഥാപിച്ചിരുന്നത്. കണ്ണൂർ, പഴയങ്ങാടി, മുഴപ്പിലങ്ങാട് തുടങ്ങിയ ഇടങ്ങളിൽ സമരസമിതി പ്രവർത്തകരും യൂത്ത് കോൺഗ്രസും കുറ്റികൾ പിഴുതുമാറ്റി.
പഴയങ്ങാടി മാടായിപ്പള്ളി ഖബർസ്ഥാനിൽ സമരസമിതി പ്രവർത്തകർ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി, എം.കെ. വരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ മഞ്ഞക്കുറ്റികൾ നീക്കം ചെയ്തു.
സമരക്കാരുടെ നിയമപോരാട്ടം തുടരുന്നു
പദ്ധതി ഉപേക്ഷിച്ചെങ്കിലും സമരത്തിൽ പങ്കെടുത്തവർക്ക് നിയമനടപടികളിൽ നിന്ന് ഇതുവരെ മോചനമായിട്ടില്ല. നാല് വർഷം മുൻപ് സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായവർ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. 2022-ൽ അറസ്റ്റിലായ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് എന്നിവരുടെ കേസ് വീണ്ടും ജൂൺ 15-ലേക്ക് മാറ്റിയിരിക്കുകയാണ്. പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ ഇവരുടെ കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

