അഴീക്കോട്: നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പുന്നക്കപ്പാറയിലെ പി.കെ. അമാന് (9) അന്ത്യാഞ്ജലിയർപ്പിച്ച് നാട്. പടക്കത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത് കല്ലിനടിയിൽ വെച്ച് പൊട്ടിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിലാണ് അമാൻ മരിച്ചത്. സ്ഫോടനത്തിൽ ചിതറിയ കല്ലുകൾ അമാൻ്റെയും കൂട്ടുകാരുടെയും ദേഹത്ത് തെറിക്കുകയായിരുന്നു. രക്തം വാർന്നൊഴുകിയ അമാൻ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അമാന്റെ സഹോദരൻ അൽഫാൻ (12), സുഹൃത്ത് സൽമാൻ ഹാരിസ് (12) എന്നിവർ ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
അന്ത്യാഞ്ജലിയർപ്പിച്ച് വൻ ജനാവലി
ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നക്കപ്പാറ മുഹിയുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. ജനാസ നമസ്കാരത്തിന് ശേഷം ഉജ്റ പള്ളിക്കു സമീപത്തെ വീട്ടിലെത്തിച്ച മൃതദേഹം 12.30 ഓടെ വൻകുളത്തുവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിയുക്ത എം.എൽ.എ കെ.വി. സുമേഷ്, മുൻ എം.എൽ.എ എം. പ്രകാശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡി.സി.സി. സെക്രട്ടറി ടി.കെ. അജിത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ബിജു ഉമ്മർ, ലീഗ് ജില്ലാ പ്രസിഡൻറ് അബ്ദുൾ കരീം ചേലേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രശാന്തൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. സനില, വൈസ് പ്രസിഡൻറ് എ. സുരേശൻ തുടങ്ങി ഒട്ടേറെ പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

