ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാന നിർദേശങ്ങളുമായി സുപ്രീം കോടതി. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ളതുമായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, സർക്കാരുകൾക്ക് ഇക്കാര്യത്തിൽ മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണെന്നും ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് അത് ഹനിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ മറ്റ് പ്രധാന നിർദേശങ്ങൾ:
• മുനിസിപ്പൽ ജീവനക്കാർക്ക് സംരക്ഷണം: തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ പരിരക്ഷ നൽകണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മാറ്റണം: സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം. എവിടെ നിന്നാണോ ഇവയെ പിടികൂടുന്നത് അവിടെ തന്നെ തുറന്നുവിടരുത്.
• എ.ബി.സി. സെന്ററുകൾ: എ.ബി.സി (ABC) ചട്ടങ്ങൾ പൂർണ്ണമായും നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അതിനാൽ എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി സെന്റർ എങ്കിലും വേണം. ജനസാന്ദ്രതയുള്ള ജില്ലകളിൽ ഇതിന്റെ എണ്ണം വർധിപ്പിക്കണം. കൂടാതെ ആൻ്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണം.
• റോഡുകൾ സുരക്ഷിതമാക്കണം: ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്സ്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ അടിയന്തരമായി നീക്കം ചെയ്യണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

