തിരുവനന്തപുരം: പുതിയ കാർ വാങ്ങുന്നത് ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തികനില വഷളായിരിക്കുന്ന സമയത്ത് ആർഭാടങ്ങൾ ഒഴിവാക്കി മാതൃകയാകണമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 14 വാഹനങ്ങളടങ്ങുന്ന വൻ വാഹനവ്യൂഹം ഉപയോഗിച്ചിടത്താണ് പുതിയ മുഖ്യമന്ത്രിയുടെ ഈ മാറ്റം.
നിലവിലുള്ള കാർ മതി, ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്
നിറം നോക്കാതെ നിലവിലുള്ള കാർ തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് സതീശൻ പറഞ്ഞു. “വലിയ ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ആളുകൾ എന്നെ ഉള്ളിൽ കളിയാക്കി ചിരിക്കും. ഞാൻ അത്രയ്ക്കൊന്നും ആയിട്ടില്ല. പോകുന്ന വഴിയിൽ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി. തന്റെ അകമ്പടിക്കായി വിരലിൽ എണ്ണാവുന്നതിൽ താഴെ വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
മുൻപ് അധികാരത്തിലിരുന്നവരെ പരിഹസിക്കുകയല്ലെന്നും അവർക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുകളിലിരിക്കുന്നവർ പത്രാസ് കാണിച്ചാൽ താഴെയുള്ളവരും അത് അനുകരിക്കും. അതിനുള്ള സാമ്പത്തിക ശേഷി നിലവിൽ കേരളത്തിന്റെ ഖജനാവിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ വൻ വാഹനവ്യൂഹം
മുൻ മുഖ്യമന്ത്രി പിണറായി വിജയന് 14 ഓളം വാഹനങ്ങളുടെ വൻ അകമ്പടിയാണ് ഉണ്ടായിരുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, സുരക്ഷാ-പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന നാല് എസ്‌കോർട്ട് വാഹനങ്ങൾ, ഔദ്യോഗിക വാഹനത്തിനു സമാനമായുള്ള സ്‌പെയർ കാർ, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് വാഹനം എന്നിവ ഉൾപ്പെടുന്നതായിരുന്നു ഈ വ്യൂഹം. കഴിഞ്ഞ രണ്ട് വർഷമായി കറുത്ത നിറത്തിലുള്ള കിയ കാർണിവൽ കാറായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

