
അഴീക്കോട്: ചെറിയ പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്നും സ്നേഹം പങ്കിട്ടും അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം. മന്ന ജുമാ മസ്ജിദ്, കൊറ്റാളി ഹുദാ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിനെത്തിയവരെ നേരിൽക്കണ്ടാണ് സ്ഥാനാർഥി ഈദ് ആശംസകൾ അറിയിച്ചത്.
സ്ഥാനാർഥിയെ ചേർത്തുപിടിച്ചും ആശ്ലേഷിച്ചുമാണ് ജനങ്ങൾ പെരുന്നാൾ സന്തോഷം പങ്കിട്ടത്. പ്രിയ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ യുവാക്കളുടെ വലിയ തിരക്കും അനുഭവപ്പെട്ടു.
തുടർന്ന്, ബ്ലൂ ഫ്ലാഗ് നേട്ടത്തിലൂടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംനേടിയ ചാൽ ബീച്ചിലെത്തിയും കെ.വി. സുമേഷ് വോട്ടഭ്യർഥിച്ചു. വിനോദസഞ്ചാര മേഖലയിൽ ജില്ലയ്ക്ക് തന്നെ അഭിമാനമായ ബ്ലൂ ഫ്ലാഗ് നേട്ടത്തിന്റെ പശ്ചാത്തലത്തിൽ, ബീച്ചിനെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന വികസന കാഴ്ചപ്പാട് വോട്ടർമാർ സ്ഥാനാർഥിയുമായി പങ്കുവെച്ചു.
ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവിലും സ്ഥാനാർഥി വോട്ടു തേടിയെത്തി. 2023 സെപ്റ്റംബറിലാണ് കെ.വി. സുമേഷ് എം.എൽ.എയുടെ പ്രത്യേക ഇടപെടലിലൂടെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി യാഥാർഥ്യമായത്. എൽ.ഡി.എഫ് നേതാക്കളായ കെ.വി. ഷക്കീൽ, എ.എൻ. സലിം, പി. അനിൽകുമാർ എന്നിവരും പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

