അഴീക്കോട്: വരാനിരിക്കുന്ന കഠിനമായ വേനൽക്കാലം മുന്നിൽക്കണ്ട് അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്നു. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള കർമ്മപദ്ധതികൾക്ക് കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി.
എല്ലാ വാർഡുകളിലും കുടിവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ജലവിതരണത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിട്ടാൽ അത് അടിയന്തരമായി പരിഹരിക്കാനും വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ഡലതല തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഓരോ പഞ്ചായത്തിലും അംഗങ്ങളെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ ചേരും. ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് അവിടെ ടാങ്കറുകൾ വഴിയോ മറ്റോ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങളും ആലോചനയിലുണ്ട്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വാട്ടർ അതോറിറ്റി, ജല ജീവൻ മിഷൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സനില, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. മോളി, പാപ്പിനിശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ സന്ദീപ്, കെ.ഡബ്ല്യൂ.എ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി. ദീപ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

