കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിരയെയും മറ്റ് ഭരണപക്ഷ കൗൺസിലർമാരെയും സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയറെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷൻ ഓഫീസിനു മുന്നിലെ ഉപരോധ സമരത്തിന്റെ മറവിലാണ് കൗൺസിൽ യോഗത്തിനെത്തിയ മേയറെയും ഭരണപക്ഷ അംഗങ്ങളെയും സി.പി.എം ഗുണ്ടകൾ ആക്രമിച്ചത്. ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ മേയറുടെയും വനിതാ കൗൺസിലർമാരുടെയും സാരി പിടിച്ചുവലിക്കുകയും അതിക്രമം കാണിക്കുകയും ചെയ്തപ്പോൾ പോലീസ് നോക്കുകുത്തിയായി നിന്നു. മേയർക്കും കൗൺസിലർമാർക്കും ഓഫീസിലേക്ക് കയറാൻ വഴിയൊരുക്കുന്നതിന് പകരം അക്രമികൾക്ക് സഹായം ചെയ്തുകൊടുക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി വീണാ ജോർജിനെതിരായ സമരത്തിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പോലീസ്, കണ്ണൂർ മേയറെ സി.പി.എം ഗുണ്ടകൾ ആക്രമിക്കുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കുകയായിരുന്നു. ജനപ്രതിനിധിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കഴിവുകേട് മറച്ചുവെച്ച്, അത് കോർപ്പറേഷന്റെ തലയിൽ കെട്ടിവെക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢശ്രമമാണ് ഈ സമരാഭാസം. കാലാവധി അവസാനിക്കാൻ പോകുമ്പോഴാണ് കണ്ണൂരിൽ ഇങ്ങനെ ഒരു എം.എൽ.എ ഉണ്ടെന്നുപോലും ജനങ്ങൾ അറിയുന്നത്. അനുമതിയില്ലാതെ ടൗൺ സ്ക്വയറിലെ പാർക്കിംഗ് ഏരിയ കുത്തിപ്പൊളിച്ച് നശിപ്പിച്ചത് തടഞ്ഞതിനാണ് കോർപ്പറേഷൻ വികസനം തടസപ്പെടുത്തുന്നു എന്ന വ്യാജപ്രചാരണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാനിക്കാറായ ഒരു ഭരണത്തിന്റെ ആളിക്കത്തലിലാണ് സി.പി.എമ്മും എൽ.ഡി.എഫും ഉള്ളതെന്നും പോലീസ് ഉദ്യോഗസ്ഥർ ഇത് മനസ്സിലാക്കി പെരുമാറിയാൽ അവർക്ക് നല്ലതാണെന്നും യു.ഡി.എഫ് ഇത്തരം അക്രമങ്ങളെ നോക്കിനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

