അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യൻ ടീം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം (2007, 2024, 2026) സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് കിവീസിനെ തകർത്തത്. പവർ പ്ലേയിൽ തന്നെ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്‌സ് (5) എന്നിവരെ നഷ്ടപ്പെട്ട ന്യൂസിലൻഡിന് പിന്നീട് തിരിച്ചുവരാനായില്ല. 26 പന്തിൽ 52 റൺസ് നേടിയ ടിം സീഫെർട്ടാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ (35 പന്തിൽ 43), ഡാരിൽ മിച്ചൽ (17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. മാർക് ചാപ്മാൻ (3), ജെയിംസ് നീഷം (8), മാറ്റ് ഹെൻറി (0), ജേക്കബ് ഡഫി (3) എന്നിവർ നിരാശപ്പെടുത്തി. ലോക്കി ഫെർഗൂസൺ (6) പുറത്താവാതെ നിന്നു.
നേരത്തെ, സഞ്ജു സാംസൺ (46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. അഭിഷേകും സഞ്ജുവും ചേർന്ന് 98 റൺസാണ് ഒന്നാം വിക്കറ്റിൽ ചേർത്തത്. എട്ടാം ഓവറിൽ അഭിഷേക് മടങ്ങിയതിന് ശേഷം സഞ്ജു-കിഷൻ സഖ്യം 105 റൺസ് കൂടി കൂട്ടിച്ചേർത്തു. 8 സിക്സും 5 ഫോറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
15-ാം ഓവറിൽ സഞ്ജു, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (0) എന്നിവരെ പുറത്താക്കി ജെയിംസ് നീഷാം കിവീസിനായി മൂന്ന് വിക്കറ്റുകൾ നേടി. ഹാർദിക് പാണ്ഡ്യയ്ക്ക് (18) തിളങ്ങാനായില്ല. എന്നാൽ അവസാന ഓവറിൽ 8 പന്തിൽ 26 റൺസുമായി ശിവം ദുബെ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 250 കടത്തിയത്. തിലക് വർമ (8) ദുബെയ്ക്കൊപ്പം പുറത്താവാതെ നിന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

