പ്രഭാത സവാരിക്കിടെ കാറിടിച്ച് മരണം; മരിച്ചത് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ

Kannadiparamba online news
Screenshot

പയ്യന്നൂർ: വെള്ളൂരിൽ പ്രഭാത സവാരിക്കിടെ കാറിടിച്ച് മുൻ ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം. റിട്ട. ജില്ലാ ബാങ്ക് മാനേജറായ വെള്ളൂർ സ്വദേശി വി. രാമചന്ദ്രൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്.

മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരനാണ് മരിച്ച രാമചന്ദ്രൻ. പയ്യന്നൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലും രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ ഫണ്ടിലും ക്രമക്കേട് നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. 

പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ച വി. രാമചന്ദ്രൻ നാടിന്റെ സാമൂഹിക-സഹകരണ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 30 വർഷത്തിലധികം സേവനമനുഷ്ഠിച്ച് 1998-ൽ വിരമിച്ച അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടെയും കഠിനാധ്വാനത്തിന്റെയും നേർചിത്രമായിരുന്നു.

എടച്ചേരി കമ്മാര പൊതുവാളുടെയും വണ്ണാടിൽ ചിരിയകുഞ്ഞിയമ്മയുടെയും മകനായി ജനിച്ച രാമചന്ദ്രൻ കർഷക പശ്ചാത്തലത്തിൽ നിന്നാണ് വളർന്നുവന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. അൺട്രെയിൻഡ് അധ്യാപകനായി ജോലി ചെയ്യവെ പാർട്ടി പരിപാടികളിൽ പങ്കെടുത്തതിന് നടപടി നേരിട്ടിരുന്നു. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളതിനാൽ പോലീസ് വെരിഫിക്കേഷന് ശേഷം പിരിച്ചുവിടുകയായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സഹകരണ മേഖലയിലാണ് പിന്നീട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. പയ്യന്നൂർ റൂറൽ ബാങ്കിൽ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് ജില്ലാ ബാങ്കിലെത്തി. കാറമേൽ പ്രദേശത്ത് രൂപീകൃതമായ ഐക്യനാണയ സംഘത്തെ വെള്ളൂരിലേക്ക് കൊണ്ടുവരുന്നതിലും അതിനെ ഇന്നത്തെ വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കായി വളർത്തുന്നതിലും നിർണായക പങ്കുവഹിച്ചു. ബാങ്കിന്റെ ആദ്യ ഡയറക്ടർ ബോർഡ് അംഗവും ഹോണററി സെക്രട്ടറിയുമായിരുന്നു.

വെള്ളൂർ ജവഹർ വായനശാലയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്താണ് നാട്ടിലാദ്യമായി വായനശാലയിൽ റേഡിയോ എത്തിയത്. വെള്ളൂർ ജനതാ ചാരിറ്റബിൾ സൊസൈറ്റി, കോഴിവളർത്തൽ സഹകരണ സംഘം എന്നിവയുടെ ആദ്യകാല പ്രൊമോട്ടർ കൂടിയായിരുന്നു. പഴയ പാർട്ടി ലോക്കൽ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുള്ള വി. രാമചന്ദ്രൻ, വെള്ളൂരിലെ അടിപ്പാത്ര സമരരംഗത്തും സജീവമായിരുന്നു.

മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ, സിപിഎം നേതാവ് വി. നാരായണൻ, പരേതയായ മാധവി എന്നിവരാണ് സഹോദരങ്ങൾ. ഭാര്യ: പി.ടി. ജാനകി. മക്കൾ: പി.ടി. ജയചന്ദ്രൻ (കാനഡയിലെ ബ്രൗൺസ്വിക്ക് യൂണിവേഴ്സിറ്റിയിൽ സയന്റിസ്റ്റ്), അഡ്വ. പി.ടി. സുധീർ കുമാർ (പയ്യന്നൂർ), പി.ടി. ശ്രീലത (റിട്ട. അധ്യാപിക).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!