പഴയങ്ങാടി: റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാതയിലെ ഹൈറ്റ് ഗേജിലും പാലത്തിലും തട്ടി ലോറിയിലുണ്ടായിരുന്ന ബാരൽ പൊട്ടി ഡീസൽ റോഡിലൊഴുകി. ഡീസൽ പരന്ന റോഡിലൂടെ പോയ നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പുതിയങ്ങാടി ഭാഗത്ത് നിന്ന് മണൽ കയറ്റി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ മുകളിൽ പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഹൈറ്റ് ഗേജിലും അടിപ്പാതയുടെ മുകളിലും തട്ടി പുറത്തേക്ക് ഒഴുകുകയായിരുന്നു. ഏകദേശം 200 ലിറ്ററോളം ഡീസൽ റോഡിൽ മറിഞ്ഞുവെങ്കിലും അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് പഴയങ്ങാടി പോലീസും പയ്യന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫയർഫോഴ്സ് ആദ്യം വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്ന് റോഡിൽ മണൽ വിതറിയാണ് പ്രശ്നം പരിഹരിച്ചത്. പഴയങ്ങാടി ബീവി റോഡിലെ ഓട്ടോത്തൊഴിലാളികളും നാട്ടുകാരും പഞ്ചായത്തംഗം നൗഷിദ ഫസൽ റഹ്മാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വൈകീട്ട് നാല് മണിയോടെയാണ് ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചത്. പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിലെ എഫ്.ആർ.ഒ. ടി.പി. ധനേഷ്, ജിജേഷ്, പി.വി. ഷൈജു, ശ്രീജേഷ്, പി.വി. പദ്മനാഭൻ, ജിനോ ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫയർഫോഴ്സ് സംഘം പ്രവർത്തിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

