പാപ്പിനിശ്ശേരി: ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതുചാലിലേക്ക് ഒഴുക്കിയ രണ്ട് ഹോട്ടലുകൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിവീണു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ കരിക്കിൻകുളത്ത് പ്രവർത്തിക്കുന്ന യശോദ കിച്ചൺ, എ.ആർ ടീ സ്റ്റാൾ എന്നീ ഹോട്ടലുകൾക്കാണ് സ്‌ക്വാഡ് 5000 രൂപ വീതം ആകെ 10,000 രൂപ പിഴ ചുമത്തിയത്.
റോഡിന് ഇരുവശങ്ങളിലുമായി പ്രവർത്തിച്ചു വരുന്ന ഈ ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം നേരിട്ട് പൊതുചാലിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ചാലിൽ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും, ഇതുമൂലം പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായതായും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
രണ്ട് ഹോട്ടലുകൾക്കും പിഴ ചുമത്തിയതിന് പുറമെ, മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. സുമിൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

