തലശേരി: പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരു (44) വിനെയാണ് തലശേരി ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ചാലാട് മുള്ളകണ്ടി എരത്താൻ കണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജു (41) ആണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ:
2018 ഡിസംബർ 12-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യാമ്പലത്തെ ഷെഡിന് സമീപം സ്ഥലത്തെ കാവൽക്കാരനായ ശ്രീഗുരുവും ഷൈജുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം പ്രതി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചത് ഷൈജു ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരവടി കൊണ്ട് തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേൽപ്പിച്ച ശേഷം ഷൈജുവിനെ പ്രതി വലിച്ചിഴച്ച് വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷൈജു മരണപ്പെട്ടത്.
അന്വേഷണവും പ്രോസിക്യൂഷനും:
എ.സി.പി പ്രദീപൻ കണ്ണിപൊയിൽ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ വി.എസ്. ജയശ്രീ കോടതിയിൽ ഹാജരായി. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

