കുണിയ: വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ആവേശോജ്ജ്വല തുടക്കം. ഒരേ ഉയരത്തിലുള്ള 99 കൊടിമരങ്ങൾക്ക് മധ്യത്തിലായി സ്ഥാപിച്ച പ്രധാന കൊടിമരത്തിൽ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംഘടനയുടെ ത്രിവർണ്ണ പതാക ഉയർത്തിയതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചരിത്ര സംഗമത്തിന് തുടക്കമായി.
മറ്റു 99 കൊടിമരങ്ങളിലായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, എം.ടി. അബ്ദുല്ല മുസ്ലിയാർ തുടങ്ങി മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പതാകകൾ വാനിലുയർത്തി. മക്ക, മദീന, ബാഗ്ദാദ്, അജ്മീർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച 100 പതാകകൾ 3331 വിഖായ വൊളന്റിയർമാരുടെ റൂട്ട് മാർച്ചോടെയാണ് നഗരിയിലെത്തിച്ചത്. 1926-ൽ വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് രൂപംകൊണ്ട സമസ്തയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.
വൈകുന്നേരം 7 മണിയോടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ ഈജിപ്തിൽ നിന്നുള്ള ഡോ. മുഹമ്മദ് അബ്ദുല്ല ദാംഇം അൽ ജുൻദി വിശിഷ്ടാതിഥിയായി. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നിർവ്വഹിച്ചു. എം.പിമാർ, എം.എൽ.എമാർ തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

