മതമൈത്രിയുടെ പൊൻകതിർ; മുല്ലക്കൊടി ഉറൂസ് നേർച്ച ചെമ്പിൽ 50 വർഷമായി തുടരുന്ന സോമൻ നമ്പ്യാരുടെ അരിയിടൽ ചടങ്ങ്

Kannadiparamba online news

മയ്യിൽ: മതാതീതമായ മനുഷ്യസ്നേഹത്തിന്റെ സന്ദേശം പകർന്ന് മുല്ലക്കൊടി ആയാർ മുനമ്പ് പള്ളി മഖാം ഉറൂസ് സമാപിക്കുന്നു. ഉറൂസിന്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് നേർച്ച ചെമ്പിൽ അരിയിടുന്ന ആചാരം അമ്പതാം വർഷവും ഭക്തിപൂർവ്വം നിർവ്വഹിച്ച് കെ.സി. സോമൻ നമ്പ്യാർ മതമൈത്രിയുടെ ഉദാത്ത മാതൃകയായി. മുല്ലക്കൊടിയിലെ കോയാടൻ ചോയിക്കുനിമ്മൽ തറവാട്ടിലെ പ്രതിനിധിയാണ് കെ.സി. സോമൻ നമ്പ്യാർ.

നൂറ്റാണ്ടുകളായുള്ള ഈ ആചാരം മുല്ലക്കൊടി മഖാം ഉറൂസിന്റെ മാത്രം പ്രത്യേകതയാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അന്നദാനത്തിൽ ഏകദേശം നാല്പതിനായിരത്തോളം പേരാണ് പങ്കുചേരുന്നത്. കാസർകോട് സ്വദേശി കാദറാണ് വർഷങ്ങളായി ഇവിടുത്തെ പാചകത്തിന് നേതൃത്വം നൽകുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും എത്താറുണ്ടെങ്കിലും കെ.സി. തറവാട്ടുകാർക്കാണ് അരിയിടൽ ചടങ്ങിനുള്ള അവകാശം.

നേരത്തെ വളപട്ടണം പുഴയുടെ ഇരുവശങ്ങളിലുമുള്ള നണിയൂർ, കുറുമാത്തൂർ, കോറളായി, തേറളായി, നമ്പ്രം, കോടല്ലൂർ ദേശക്കാരായിരുന്നു ഉറൂസ് നടത്തിവന്നിരുന്നത്. നിലവിൽ കെ. മുസ്തഫ പ്രസിഡന്റും പി.കെ. ഷെറീഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഉറൂസിന് നേതൃത്വം നൽകുന്നത്. പാണക്കാട് സയ്യിദ് ജൗഫർ തങ്ങളാണ് ഉറൂസ് ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴിന് നടക്കുന്ന സൂഫി ഖവാലിയോടും ബൂസൂരി ഫൗണ്ടേഷന്റെ കൂട്ടപ്രാർത്ഥനയോടും കൂടി ഉറൂസ് സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!