കണ്ണൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ സമയപരിധി അവസാനിക്കാൻ കേവലം ദിവസങ്ങൾ ബാക്കിയിരിക്കെ, വോട്ടർ പട്ടികയിൽ വോട്ട് ചേർക്കുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അത് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
ഫോറം നമ്പർ 6 A യിൽ വോട്ട് ചേർക്കുന്നതിന് അപേക്ഷ സമർപ്പിച്ച ആയിരക്കണക്കിന് പ്രവാസികളുടെ അപേക്ഷകൾ ഇതുവരെയും വെരിഫിക്കേഷന് പോലുമെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ കെട്ടിക്കിടക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷകളിൻമേൽ പോലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എപിക് നമ്പറോ, ബൂത്ത് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളോ ലഭ്യമല്ലാത്തത് കൊണ്ടാണ് ബി.എൽ. ഒ മാർക്ക് വെരിഫിക്കേഷന് അയക്കാൻ പറ്റാത്തത് എന്നാണ് അറിയാൻ കഴിയുന്നത്. ഇത് അപേക്ഷകരുടെ കുറ്റം കൊണ്ടല്ല. ഫോറം നമ്പർ 6 A ൽ അത് രേഖപ്പെടുത്താനുള്ള കോളങ്ങൾ ഇല്ലാത്തത് മൂലമാണ്. അതിന് അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത്. അത് മൂലം അർഹതയുള്ള അപേക്ഷകർക്ക് വോട്ടർ പട്ടികയിൽ ഇടം പിടിക്കാനുള്ള അവസരം നഷ്ടമാകരുത്. ആയതിനാൽ മതിയായ ബദൽ സംവിധാനമുണ്ടാക്കി അർഹതയുള്ള എല്ലാ പ്രവാസികൾക്കും വോട്ട് ഉറപ്പുവരുത്താനുള്ള അടിയന്തര നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

