പയ്യന്നൂർ: ബസിലെ ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, അന്നേദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ. രാമന്തളി-പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിൽ വെച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതായി തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ബസ് കണ്ടക്ടർ രാമകൃഷ്ണൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.
വെള്ളിയാഴ്ച നടന്നുവെന്ന് പറയുന്ന സംഭവത്തെക്കുറിച്ച് ശനിയാഴ്ച ബസ് ഉടമ വിളിച്ച് ചോദിക്കുമ്പോഴാണ് അറിയുന്നത്. വീഡിയോ കണ്ടപ്പോഴാണ് ബസ് തിരിച്ചറിഞ്ഞത്. നല്ല തിരക്കുള്ള സമയമായിരുന്നു അത്. അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയുണ്ടാകാൻ സാധ്യതയില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി. ആരെങ്കിലും പരാതിപ്പെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപക് ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത മുസ്തഫ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക്കിനെ കോഴിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ഷിംജിത മുസ്തഫയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്. യുവതി വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

