ചൈനാമാൻ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഐപിഎൽ മിനി താരലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്.
ലേലത്തിൽ വിഘ്നേഷിന്റെ പേര് വന്നപ്പോൾ മുൻ ടീമായ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെ മറ്റ് ടീമുകളൊന്നും രംഗത്തെത്തിയില്ല. ഇതോടെയാണ് രാജസ്ഥാൻ റോയൽസിന് അടിസ്ഥാന വിലയ്ക്ക് തന്നെ താരത്തെ സ്വന്തമാക്കാൻ സാധിച്ചത്. കഴിഞ്ഞ സീസണിൽ വിഘ്നേഷ് മുംബൈ ഇന്ത്യൻസ് താരമായിരുന്നു. അന്നും 30 ലക്ഷം രൂപയ്ക്കായിരുന്നു താരം മുംബൈയിലെത്തിയത്.
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ വിഘ്നേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നായകൻ റുതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റ് ഉൾപ്പെടെയായിരുന്നു ഇത്. എന്നാൽ പരിക്ക് താരത്തിന്റെ തുടർ പ്രകടനത്തെ ബാധിച്ചു. ഇത്തവണത്തെ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ കൈവിട്ടെങ്കിലും, ചികിത്സയ്ക്കുള്ള എല്ലാ പിന്തുണയും ടീം വാഗ്ദാനം ചെയ്തിരുന്നു.
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്ന വിഘ്നേഷിന് പരിക്കുമൂലം നിരവധി മത്സരങ്ങൾ നഷ്ടമായി. എന്നിരുന്നാലും മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച താരം നാല് മത്സരങ്ങളിൽ ആറ് വിക്കറ്റ് നേടി ശ്രദ്ധേയനായി. ചത്തീസ്ഗഡിനെതിരെ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ്, ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെയും വീട്ടമ്മയായ കെ.പി. ബിന്ദുവിന്റെയും മകനാണ്. കേരളത്തിനായി അണ്ടർ-14, അണ്ടർ-19, അണ്ടർ-23 ടീമുകളിൽ മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും, സീനിയർ തലത്തിലെ ആദ്യ സീസണിലാണ് ഈ നേട്ടം.
ഐപിഎൽ ലേലത്തിന് മുമ്പ് മലയാളി താരം സഞ്ജു സാംസൺ ട്രേഡിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയിരുന്നു. പിന്നാലെയാണ് മറ്റൊരു മലയാളി താരവും രാജസ്ഥാൻ ക്യാമ്പിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. നായകനെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

