മുംബൈയിൽ ഇതിഹാസങ്ങളുടെ സംഗമം; വാംഖഡെയിൽ മെസ്സിക്കും സചിനും അപൂർവ നിമിഷങ്ങൾ

Kannadiparamba online news
Screenshot

മുംബൈ:

മഹാനഗരിയിൽ കായിക ലോകത്തിന്റെ ഇതിഹാസങ്ങളുടെ അപൂർവ സംഗമം. ‘ഗോഡ് ടൂർ’ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ മുംബൈയിലെത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ രാജ്യത്തിന്റെ സമ്മാനവുമായി വാംഖഡെ സ്റ്റേഡിയത്തിൽ സ്വീകരിച്ചു. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയ വാംഖഡെയിലെ പച്ചപ്പുൽമൈതാനിയിലായിരുന്നു കാൽപന്തിന്റെയും ക്രിക്കറ്റിന്റെയും മഹാ ഇതിഹാസങ്ങൾ ഒന്നിച്ചുചേർന്നത്.

കൊൽക്കത്തയിലെയും ഹൈദരാബാദിലെയും സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മുംബൈയിലെത്തിയത്. മെസ്സിയുടെ വരവിനായി വാംഖഡെയിലെ ഗാലറികൾ ആരാധകരാൽ നിറഞ്ഞുകവിഞ്ഞു. പതിനായിരങ്ങളുടെ കൈയടികളുടെയും ആരവങ്ങളുടെയും നടുവിൽ ഗ്രൗണ്ട് വലംവെച്ച് കൈവീശികൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്താണ് മെസ്സി മൈതാനത്തെത്തിയത്.

ഇതിഹാസ താരത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ വേദിയിൽ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെയും സാന്നിധ്യം ശ്രദ്ധേയമായി. സ്വന്തം പേരിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ ഒപ്പിട്ട് സചിൻ മെസ്സിക്ക് സമ്മാനിച്ചു. ജഴ്സിയെക്കുറിച്ച് ചോദിച്ചറിഞ്ഞ മെസ്സി, സചിനുമായി ഹസ്തദാനം നടത്തി അദ്ദേഹത്തെ ചേർത്തണച്ച് സമ്മാനം ഏറ്റുവാങ്ങി.

ഇതിനുപകരമായി, ലയണൽ മെസ്സി ഒപ്പിട്ട 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സചിനും സമ്മാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഈ ഇതിഹാസ സംഗമത്തിന് സാക്ഷിയായി വാംഖഡെ സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു.

ഗാലറിയോട് സംസാരിച്ച സചിൻ, “സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ദിനമാണിത്. ലയണൽ മെസ്സിയുടെ സാന്നിധ്യം ഇന്ത്യയ്ക്കും മുംബൈയ്ക്കും ഒരു സുവർണനിമിഷമാണ്. ഫുട്ബാളിന്റെ എല്ലാം സ്വന്തമാക്കിയ മെസ്സി, ഒരു കളിക്കാരനായി മാത്രമല്ല വ്യക്തിയെന്ന നിലയിലും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ താരമാണ്” എന്ന് പറഞ്ഞു. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബാൾ ലോകത്തോളം വളരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

മെസ്സിയെയും സചീനെയും സാക്ഷിനിർത്തി ‘സചിൻ… സചിൻ…’, ‘മെസ്സി… മെസ്സി…’ എന്ന വിളികളോടെ ആരാധകർ വാംഖഡെയിൽ ആവേശം ഇരട്ടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛെത്രിയും മെസ്സിക്കൊപ്പം വാംഖഡെ മൈതാനം ചുറ്റി. അർജന്റീന ദേശീയ ടീമിന്റെ ജഴ്സി മെസ്സി ഛെത്രിക്കും സമ്മാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!