വളപട്ടണം: ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ
ആൺ സുഹൃത്തിൻ്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ പെരിയാട്ടടുക്കത്തെ പ്രവാസി ഇപ്പോൾ പന്തൽ പണി ചെയ്യുന്ന സി. രാജേഷ് എന്ന രാജു (39) വിൻ്റെ മൃതദേഹമാണ് ഇന്നു രാവിലെ 6മണിയോടെ പുതിയങ്ങാടി മാട്ടൂൽപുലിമുട്ടിന് സമീപം തീരത്ത് മത്സ്യ തൊഴിലാളികൾ കണ്ടെത്തിയത്. പെരിയാട്ടടുക്കത്തെ മാധവൻ- ഭാർഗ്ഗവി ദമ്പതികളുടെ മകനാണ്. അവിവാഹിതൻ. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് വീട്ടിൽ നിന്നും ഇയാൾ ജോലിക്കു പോയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് ഞായറാഴ്ചരാത്രിയിൽ പെരിയാട്ടടുക്കത്തെ ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 35 കാരിക്കൊപ്പം ഇയാൾ വളപട്ടണം പാലത്തിനു മുകളിൽ നിന്നു ജീവനൊടുക്കാൻ പുഴയിലേക്ക് ചാടിയത്. യുവതി നീന്തി കരകയറുകയും യുവാവ് അടിയൊഴുക്കിൽപ്പെട്ട് കടലിലെത്തുകയും ചെയ്തു. നാട്ടുകാരിൽ നിന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
വളപട്ടണം പോലീസിനോട് യുവതിയാണ് ആൺ സുഹൃത്തായ രാജേഷും തന്നോടൊപ്പം പുഴയിൽ ചാടിയ വിവരം പറഞ്ഞത്. തുടർന്ന്
രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ചു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺസുഹൃത്തിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി
