യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആൾക്കൂട്ട വിചാരണയെന്ന് പോലീസ് ; മൂന്ന് പേർ അറസ്റ്റിൽ

Kannadiparamba online news

പിണറായി:കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പിണറായി പോലീസ് അറസ്റ്റ്‌ചെയ്തു. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവാവിൻറെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

റസീനയുടെ പിതാവ്: എ. മുഹമ്മദ്‌. മാതാവ്: സി.കെ. ഫാത്തിമ. ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച്എസ്എസ്), റസാന (മമ്പറം, എച്ച്എസ്എസ്), നൂറ മെഹറിൻ (അറമുഖവിലാസം എൽപി സ്കൂൾ). സഹോദരൻ: കെ. റനീസ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!