തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Kannadiparamba online news

മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം അറിയിച്ചു.

വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യയായമായിരുന്നു അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ള.ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വം. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്ന അദ്ദേഹം. ആരോടും പരിഭവവും പിണക്കവുമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച പൊതുപ്രവര്‍ത്തകന്‍. അധികാരപദവികള്‍ വഹിക്കുമ്പോഴും സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. തെന്നല ബാലകൃഷ്ണ പിള്ള കെപിസിസി അധ്യക്ഷനായിരുന്ന 2001 കാലഘട്ടത്തിലാണ് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. രണ്ടു തവണ കെപിസിസി അധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം സംഘടനയുടെ കെട്ടുറപ്പിനായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് കെപിസിസിയുടെ അധ്യക്ഷ പദവിവരെ അലങ്കരിച്ച അദ്ദേഹം കൊല്ലം ഡിസിസി അധ്യക്ഷന്‍, രാജ്യസഭാംഗം,എംഎല്‍എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന് വേണ്ടി സമ്പാദ്യം മുഴുവന്‍ ചെലവാക്കിയപ്പോഴും അധികാരമോഹമോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോ ഒന്നും കടന്നുവരാത്ത പൊതുജീവിതമാണ് അദ്ദേഹത്തിന്റെത്. തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണം രണ്ടു ദിവസത്തെ ദുഃഖാചരണം നടത്തും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് രണ്ടു ദിവസത്തെ (ജൂണ്‍ 6,7) ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും അതിന്റെ ഭാഗമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കെപിസിസിസി ആസ്ഥാനത്ത് ജൂണ്‍ 7 ശനിയാഴ്ച രാവിലെ 10.30ന് തെന്നല ബാലകൃഷ്ണപിള്ളയുടെ ദൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും തുടര്‍ന്ന് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.

കണ്ണൂരിനോട് പ്രത്യേക മമത പുലര്‍ത്തിയ നേതാവ്: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എപ്പോഴും മമതയും വാത്സല്യവും പുലര്‍ത്തിയ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പോരാട്ടചരിത്രത്തില്‍ അവിസ്മരണീയ ഏടായ പയ്യാവൂര്‍ സമരകാലത്ത് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ തെന്നല ബാലകൃഷ്ണപിള്ളയുടെ പൂര്‍ണപിന്തുണ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ലഭിച്ചിരുന്നു. കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികളുടെ കായികമായ ആക്രമണങ്ങളെ അതിജീവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹം ചേര്‍ത്തു പിടിച്ചു. തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. കുടുംബത്തിന്റേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ദുഖത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പങ്കു ചേരുന്നതായി അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!