കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന

Kannadiparamba online news

കണ്ണൂർ വിമാനത്താവളത്തിൽ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. 1,47,928 പേരാണ് യാത്ര ചെയ്തത്. 1211 സർവീസുകളും കഴിഞ്ഞമാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായി.

അന്താരാഷ്ട്ര സർവീസിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.

ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. തുടക്കത്തിൽത്തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്. ജൂൺ മധ്യത്തോടെ ദമാമിലേക്കും ഇൻഡിഗോ സർവീസുകൾ തുടങ്ങും.

13,200 പേർ യാത്രചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തിൽ കഴിഞ്ഞമാസം കൂടുതൽ യാത്രക്കാരുള്ളത്. ഇൻഡിഗോയോടൊപ്പം ഏപ്രിൽ മുതൽ എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറിൽ യാത്രക്കാർ വർധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മേയിൽ സർവീസുകൾ തുടങ്ങിയിരുന്നു. മേയ് 11 മുതൽ 29 വരെ 4,756 ഹജ്ജ് തീർഥാടകർ കണ്ണൂരിൽനിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാംഘട്ട സർവീസുകൾ ജൂൺ 30-ന് തുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!