പഹൽഗാം ഭീകരരാക്രമണം: ഇരുപതോളം പേർ കൊല്ലപ്പെട്ടതായി വിവരം, തിരച്ചിൽ ശക്തമാക്കി സൈന്യം

Kannadiparamba online news

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. ഇരുപതോളം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരം. 

കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 

അതേസമയം, സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചു. ശ്രീനഗറിലെത്തുന്ന അമിത് ഷാ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘവും സൈന്യത്തിന്‍റെ വടക്കൻ മേഖല കമാൻഡറും നാളെ പഹൽഗാമിലെത്തും.

സൗദി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി ചർച്ച ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. 

സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ. 

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി. സഞ്ചാരികളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

അതിനിടെ, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!