വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Kannadiparamba online news

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ അസ്മയെന്ന യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്മയുടെ മരണം ഭർത്താവ് സിറാജുദ്ദീൻ മറച്ചുവെച്ചു എന്ന് അയൽവാസികൾ വെളിപ്പെടുത്തി. ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും പെരുമ്പാവൂരിൽ എത്തിയശേഷം അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധു ഷമീനയും വിവരിച്ചു. ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അക്യുപങ്ചർ രീതി പ്രകാരം വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്ന് ഭർത്താവ് സിറാജുദ്ദീന് മനസിലായത് ഒൻപതു മണിക്കുമായിരുന്നു. ശേഷം യുവതി മരിച്ചു എന്ന് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!