യു കെ സലീം വധക്കേസില്‍ പിതാവിന്റെ വെളിപ്പെടുത്തല്‍ ഗുരുതരം;ദുരൂഹ മരണങ്ങളില്‍ പുനരന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Kannadiparamba online news

കണ്ണൂര്‍: പുന്നോല്‍ ഹുസ്സന്‍മെട്ടയിലെ സി.പി.എം പ്രവര്‍ത്തകന്‍ യു.കെ.സലീം കൊലപാതകക്കേസില്‍ പിതാവ് കെ.പി.യൂസഫ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മൊഴിയും പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളും അങ്ങേയറ്റം ഗൗരവതരമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മകന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണെന്ന് സലീമിന്റെ പിതാവ് കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ്. ഈ മൊഴിയില്‍ വാസ്തവമുണ്ടോ എന്ന് അന്വേഷിക്കേണ്ട ഉത്തവാദിത്വം പോലീസിനുണ്ട്. തലശേരി മേഖലയില്‍ നടന്ന പല കൊലപാതകങ്ങളിലും ദുരൂഹ മരണങ്ങളിലും പുനരന്വേഷണം ആവശ്യമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം ആര്‍.എസ്.എസുകാരാണ് പ്രതികളെന്ന രീതിയില്‍ അന്വേഷണം നടന്നെങ്കിലും പിന്നീട് സിപിഎം നേതാക്കളെയടക്കം ഈ കേസില്‍ സിബിഐ അറസ്റ്റു ചെയ്യുകയുണ്ടായി. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന ഫസലിനെ സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പിന്നീട് വ്യക്തമായത്. അതിനു ശേഷമുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍ പലതും ഒരു പാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഫസല്‍ വധക്കേസില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ അറിയുന്നവരാണ് ദുരൂഹസ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. ഫസല്‍ വധക്കേസിന് ശേഷം സിപിഎമ്മിന്റെ ആക്ഷന്‍ സ്‌ക്വാഡില്‍ പെട്ട ന്യൂ മാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനും ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം നേതൃത്വവുമായി ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ടായതിനു ശേഷമാണ് രണ്ടു പേരും കൊല്ലപ്പെട്ടത്. ഷിനിലിനെ എടന്നൂരിലെ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ വര്‍ഷം തന്നെ മട്ടന്നൂരില്‍ സി പി എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ കുട്ടനും കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകനായ റയീസിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിനു പിന്നാലെയാണ് യു കെ സലീം കുത്തേറ്റു മരിച്ചത്. ഈ മരണങ്ങള്‍ക്കെല്ലാം ഫസല്‍ വധക്കേസുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. മുമ്പ് കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ചതായി കണ്ടെത്തിയതിലും സംശയം ഉയര്‍ന്നിരുന്നു. സജീവനെ സിപിഎമ്മുകാരാണ് കൊലപ്പെടുത്തിയത് എന്ന് അദ്ദേഹത്തിന്റെ മാതാവും സഹോദരിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇതിലും അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.
റയീസിന്റെ മരണശേഷം സലീം പുറത്തിറങ്ങാറില്ലെന്നും, ഭയപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നും പിതാവിന്റെ മൊഴിയിലുണ്ട്. സലീം വധക്കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളല്ല പിടിയിലായതെന്ന മൊഴിയാണ് സലീമിന്റെ പിതാവ് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്വതന്ത്ര ഏജന്‍സിയെ വെച്ച് സലീം വധക്കേസിലടക്കം പുനരന്വേഷണം വേണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!