സ്വര്‍ണ്ണക്കടത്തിൽ പങ്കുപറ്റുന്നു; മധ്യസ്ഥനായതിന് കമ്മീഷന്‍; ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

Kannadiparamba online news

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് താന്‍ കൈമാറിയ പരാതി പുറത്ത് വിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവെച്ച് അവരോട് പിന്നീട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചു, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ശശിക്കെതിരെ അന്‍വര്‍ പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇത് പുറത്ത് വിടേണ്ടി വന്നതെന്നും വ്യക്തമാക്കി കൊണ്ടാണ് നിലമ്പൂര്‍ എംഎല്‍എ പരാതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. അതേ സമയം എല്ലാം പുറത്ത് വരട്ടെ എന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നും പി.ശശി പ്രതികരിച്ചു. അത് എത്ര ഗുരുതരമായാലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം.വി.ഗോവിന്ദന് നല്‍കിയ പരാതിയില്‍ അന്‍വര്‍ താൻ നേരിട്ട അനുഭവങ്ങള്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ കാര്യങ്ങളില്‍ പി.ശശിയെ കുറ്റപ്പെടുത്തിയും അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ സംശയവും ഉന്നയിച്ചാണ് അന്‍വര്‍ പരാതി നല്‍കിയിട്ടുള്ളത്.

‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കാളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തല്ക്കാലം പൊളിറ്റിക്കല്‍ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആയതിനാല്‍ മേല്‍ കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ അന്‍വറിന്റെ പരാതിയില്‍ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!