മേപ്പാടി:മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ കാണാമറയത്തേക്ക് കൊണ്ടുപോയത് ഒട്ടേറെ കുടുംബങ്ങളെ. കളത്തിങ്ങൽ കുഞ്ഞിമൊയ്തീന്റെ 11 കുടുംബാംഗങ്ങളെയാണ് കാണാതായത്. മുണ്ടക്കൈ പള്ളിക്ക് സമീപത്തെ വീട്ടിൽ ദുരന്തം ഇരച്ചെത്തിയപ്പോൾ കുഞ്ഞിമൊയ്തീനെ കൂടാതെ ഭാര്യ ആയിഷ, മകൻ നൗഫൽ, ഭാര്യ സജ്ന, ഇവരുടെ മകൾ നഫ്‌ല നസ്റിൻ, മകൻ, കുഞ്ഞിമൊയ്തീന്റെ മൂത്തമകൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ മൂന്ന് പെൺമക്കൾ എന്നിവരാണുണ്ടായിരുന്നത്. പിന്നീട് ഇതുവരെ അവരെക്കുറിച്ച് ഒരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല.
മുണ്ടക്കൈയിലെ പാടിയിൽ താമസിക്കുന്ന മൂത്ത മകൻ മൻസൂർ കൂടുതൽ സുരക്ഷിതമായ ഇടംതേടിയാണ് ഉപ്പയും ഉമ്മയും കഴിയുന്ന തറവാട്ടുവീട്ടിലെത്തിയത്. കുടുംബാംഗങ്ങളെല്ലാവരും ഒത്തുകൂടിയപ്പോഴുണ്ടായ സന്തോഷം പക്ഷേ, അധികനേരം നീണ്ടുനിന്നില്ല. അരുതാത്തതൊന്നും സംഭവിക്കാതെ നേരമിരുട്ടി വെളുക്കുമെന്ന പ്രതീക്ഷയിൽ ഉറങ്ങാൻകിടന്ന അവരെ പ്രളയം കാണാമറയത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
കുഞ്ഞിമൊയ്തീന്റെ കുടുംബം മാത്രമല്ല, മുണ്ടക്കൈയിലെ വ്യാപാരിയായ യൂസഫ്, നാസർ പിടിക്കപ്പറമ്പ്, വടക്കേ ചരുവിൽ രുക്‌മിണി, സുദേവൻ, പാത്തുമ്മ കളത്തിങ്ങൽ, പാർഥൻ, ആലക്കൽ സലിം തുടങ്ങിയവരുടെ വീടുകളൊക്കെ കുന്നിൻമുകളിൽനിന്ന് ഇരച്ചെത്തിയ ഉരുൾ വിഴുങ്ങുകയായിരുന്നു. അവരിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന് രക്ഷപ്പെട്ട് മേപ്പാടിയിലെ ക്യാമ്പുകളിലെത്തിയ ആർക്കും നിശ്ചയമില്ല. എങ്കിലും അവരെല്ലാവരും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രാർഥനയിലാണ് നാട്ടുകാർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

