തളിപ്പറമ്പ്: സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ (41) വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി പയ്യന്നൂർ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി.പി. ബിജു (34), രണ്ടാം പ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരൻ വീട്ടിൽ എം. വിപിൻ (34), സഹോദരൻ എം. വൈശാഖ് (31) എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു.
പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 5.4 വർഷത്തെ പ്രത്യേക തടവും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ പൂർത്തീകരിച്ചതിന് ശേഷമാകും പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുക. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂട്ടർ എന്ന നിലയിൽ ഈ ശിക്ഷാവിധിയിൽ പൂർണ്ണ സംതൃപ്തനാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ പ്രതികരിച്ചു.
കേസിൽ ആകെ 20 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 12-ാം പ്രതി സി. ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന 16 പ്രതികളെയും കോടതി തിങ്കളാഴ്ച വെറുതെവിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. മറ്റു പ്രതികൾ കൊലപാതകത്തിന് സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമാണെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇക്കാര്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.
ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇത്തരം കേസുകളിൽ സുപ്രീംകോടതിയിൽ മുൻകാലങ്ങളിലുണ്ടായ വിധികളും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ, അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് 37 മുറിവുകളുണ്ടാകും വിധം ഏറ്റവും ക്രൂരവും മൃഗീയവുമായാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോടതിയുടെ ആവശ്യപ്രകാരം ജയിൽ-പോലീസ് അധികൃതർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഒന്നാം പ്രതിയുടെ പേരിൽ നാല് കേസുകളും, രണ്ടാം പ്രതിക്ക് 20 കേസുകളും, മൂന്നാം പ്രതിക്ക് 18 കേസുകളും നിലവിലുണ്ട്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരനും, ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി അഡ്വ. ടി.വി. വിനീഷുമാണ് കോടതിയിൽ ഹാജരായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

