കണ്ണൂർ: മേലെചൊവ്വ – മട്ടന്നൂർ സംസ്ഥാനപാതയിലെ മേലെചൊവ്വ മുതൽ വാരം വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സമഗ്ര ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. വീതിയേറിയ റോഡുണ്ടായിട്ടും അനധികൃത പാർക്കിംഗും കച്ചവടങ്ങളും കാരണം ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടക്കമിടുന്നത്.
പരിഷ്കാരത്തിലെ പ്രധാന നടപടികൾ:
അനധികൃത കയ്യേറ്റങ്ങൾ മാറ്റും: റോഡിന് ഇരുവശങ്ങളിലുമായി ഏകദേശം 30 മീറ്ററോളം വീതിയുള്ള ഈ പാതയിൽ, റോഡിലേക്ക് തള്ളിനിൽക്കുന്ന അനധികൃത കച്ചവടങ്ങൾ പൂർണ്ണമായി ഒഴിപ്പിക്കും.
റോഡരികിലെ പാർക്കിംഗിന് നിയന്ത്രണം: കേടായ വാഹനങ്ങൾ ഉൾപ്പെടെ റോഡരികിൽ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് ഒഴിവാക്കും. തോന്നിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് പകരം കൃത്യമായ പാർക്കിങ് സോണുകൾ സജ്ജമാക്കും. ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതിന് പകരം നിശ്ചിത പാർക്കിങ് സോണുകളിൽ നിർത്തി നടന്നുപോകുന്ന രീതി നടപ്പിലാക്കും. കടയുടമകളും ഇക്കാര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
വാരം കവലയിലെ മാറ്റങ്ങൾ: വാരം കവലയിൽ ഓട്ടോ പാർക്കിങ് ഒഴികെയുള്ള മറ്റ് വാഹനങ്ങൾ 50 മീറ്റർ അകലെയുള്ള പാർക്കിങ് സോണിലേക്ക് മാറ്റും. കണ്ണൂർ ഭാഗത്തേക്കുള്ള വാരത്തെ ബസ് ഷെൽട്ടർ മാറ്റി സ്ഥാപിക്കുകയും ബസുകൾ നിർദ്ദിഷ്ട ബസ്ബേകളിൽ തന്നെ നിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
സംയുക്ത പരിശോധന: പരിഷ്കാരങ്ങളുടെ ഭാഗമായി പി.ഡബ്ല്യു.ഡി., പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ ചേർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഈ റൂട്ടിൽ സംയുക്ത പരിശോധന നടത്തും. ഗതാഗത തടസ്സമുണ്ടാക്കുന്ന ഒരുവിധ കാര്യങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഒന്നാംഘട്ടമെന്ന നിലയിലാണ് ഈ ഭാഗത്ത് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ വിജയത്തിന് ശേഷം നഗരത്തെ ബന്ധിപ്പിക്കുന്ന മറ്റ് പ്രധാന റോഡുകളിലേക്കും സമാനമായ പരിഷ്കാരങ്ങൾ വ്യാപിപ്പിക്കും. നിയമലംഘനങ്ങൾ തടയാൻ നിരന്തരമായ പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി. റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി. പ്രശാന്ത് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

