കൊച്ചി ∙ വൈദ്യുതി പ്രതിസന്ധിയുടെ ‘ഷോക്കേറ്റ്’ വകുപ്പു മന്ത്രിയും. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസാരിച്ചു കൊണ്ടിരിക്കെ വൈദ്യുതി നിലച്ചു. ഇതോടെ, മന്ത്രി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. കച്ചേരിപ്പടി ആശിര്‍ഭവനിൽ നടന്ന കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18–ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വൈദ്യുതി പോയത്. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്.
അദ്ഭുതങ്ങൾ പ്രവർത്തിച്ചോ സ്വിച്ചിട്ടപോലെയോ നിർത്താൻ കഴിയുന്ന ഒന്നല്ല വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ നടപടികളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് ‘മുൾക്കിരീടം’ ശിരസ്സിലേറ്റുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് പുഷ്പകിരീടമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും സംസാരിച്ചു പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് വൈദ്യുതി പോയത്.
വേദി ഇരുട്ടിലായതോടെ അൽപസമയം കൂടി അവിടെത്തന്നെ തുടർന്ന മന്ത്രി പിന്നീട് ഉദ്ഘാടനച്ചടങ്ങ് പൂർത്തിയായതായി പ്രഖ്യാപിച്ച് പ്രസംഗം ഉപേക്ഷിച്ച് മടങ്ങി. താൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബിക്ക് കൃത്യമായി അറിയാമെന്നും അതാണ് അവർ വൈദ്യുതി നിർത്തിയതെന്നും തമാശരൂപേണ പിന്നീട് അദ്ദേഹം പ്രതികരിച്ചു. പകൽ സമയത്തുണ്ടായ ഈ തടസ്സം ഔദ്യോഗിക വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് ലഭ്യമാക്കുന്ന തരത്തിൽ യുഡിഎഫ് സർക്കാർ ഏർപ്പെട്ട ദീർഘകാല കരാർ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. ഈ കരാർ റദ്ദാക്കിയതിനെത്തുടർന്ന് വിതരണ കമ്പനികൾ മറ്റു സംസ്ഥാനങ്ങൾക്ക് കൂടിയ വിലയ്ക്ക് വൈദ്യുതി നൽകാൻ തുടങ്ങി. 4.29 രൂപയ്ക്ക് ലഭിക്കേണ്ടിയിരുന്ന വൈദ്യുതി ഇപ്പോൾ 10 കൊടുത്താലും കിട്ടാത്ത അവസ്ഥയാണ്. കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ ശക്തമായി കേസ് നടത്തിവരികയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

