കണ്ണൂർ: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന ആർ.എസ്.എസ്. തിട്ടൂരം അംഗീകരിക്കാത്ത എസ്.എഫ്.ഐക്കാരെ ഭീകരവാദികളെ പോലെ അറസ്‌റ്റ് ചെയ്‌ത് തുറുങ്കിലിടാനാണ് യു.ഡി.എഫ്. സർക്കാർ ഭാവമെങ്കിൽ വലിയ ജനരോഷം നേരിടേണ്ടി വരുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്‌താവനയിൽ വ്യക്തമാക്കി. എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ ക്യാമ്പസിൽ കയറി മഫ്‌ടിയിലെത്തിയ പൊലീസ് അറസ്‌റ്റ് ചെയ്ത നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരത്ത് സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരായ പ്രതിഷേധ പരിപാടിക്കിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. ഇതിനെതിരെ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തു എന്നാരോപിച്ചാണ് കൃഷ്‌ണമേനോൻ ഗവ. വനിതാകോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ടീം ജോയലിനെ അറസ്‌റ്റ് ചെയ്‌തത്. വനിതാ കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെൺകുട്ടികളുടെ മുന്നിൽ വെച്ചാണ് ഈ നടപടിയുണ്ടായത്. ആർ.എസ്.എസ്. നയം അംഗീകരിക്കാത്തവരെ വേട്ടയാടാൻ പ്രത്യേക സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിരിക്കുകയാണെന്നും, കൂത്തുപറമ്പ് അടക്കമുള്ള കണ്ണൂരിന്റെ സമരപാരമ്പര്യം അറിയാത്ത പൊലീസുകാർ എസ്.എഫ്.ഐയെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

