‘മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടി’; പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം

Kannadiparamba online news
Screenshot

ശവസംസ്കാരത്തിന്റെ മൂന്നാംനാൾ പരേതയുടെ അസ്ഥി ശേഖരിക്കാനായി ശ്മശാനത്തിലെത്തിയ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. അസ്ഥി ശേഖരിച്ച ശേഷം കുഴിമാടം മൂടിയ നിലയിൽ! സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ കുഴഞ്ഞ ഇവർക്ക് അന്വേഷണത്തിൽനിന്ന് ഒരുകാര്യം വ്യക്തമായി; കുഴിമാടത്തിൽനിന്ന് അസ്ഥി തലേന്നാൾ മറ്റൊരു കൂട്ടർ ശേഖരിച്ചുപോയിരിക്കുന്നു! പയ്യാമ്പലം ശ്മശാനത്തിൽ തിങ്കളാഴ്ച രാവിലെയാണ് നാടകീയരംഗങ്ങളുടെ തുടക്കം.

സംസ്കാരച്ചടങ്ങിന്റെ മൂന്നാംനാൾ ഭൗതികാവശിഷ്ടങ്ങൾ ശേഖരിക്കാനായി പരേതരുടെ ബന്ധുക്കൾക്ക് നൽകുന്ന ടോക്കൺ പരസ്പരം മാറിയതാണ് വിനയായത്.

മരണാനന്തരകർമം യഥാവിധി നടത്താനാകാത്തതിനാൽ ശ്മശാനത്തിലെത്തിയവർ അസ്വസ്ഥരായെങ്കിലും ശ്മശാനം നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായതോടെ ഇവർ തിരിച്ചുപോയി. ചാല സ്വദേശിയായ പരേതയുടെ ബന്ധുക്കളും നാട്ടുകാരുമായ ഇവർ മടങ്ങിയ ശേഷം കുറച്ചുപേരെത്തി ശ്മശാനത്തിൽ അതിക്രമം നടത്തി. കൈയാങ്കളിയിൽ, ശ്മശാനത്തിലെ പ്രവൃത്തികൾ നടത്തുന്ന ചാലാട് മണലിലെ രഞ്ജൻ (51), സഹായി പളനി (40), ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ രാജേഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു. രഞ്ജന് നെറ്റിയിലാണ് പരിക്ക്. ഇതോടെ ഇവിടം ബഹളമായമായി.

സംഭവം തീർന്നില്ല. വിവരമറിഞ്ഞ് തലേദിവസം കൂടാളി സ്വദേശിയായ പരേതന്റെ അസ്ഥി മാറി ശേഖരിച്ചുപോയവർ ഉച്ചയോടെ സ്ഥലത്തെത്തി. യഥാർഥ കുഴിമാടത്തിൽനിന്നുള്ള അസ്ഥി ശേഖരിച്ച് കർമങ്ങൾ നടത്തുകയും ചെയ്തു. സംഭവവികാസങ്ങളെത്തുടർന്ന് ശ്മശാനത്തിൽ മറ്റ് ശവസംസ്കാര ചടങ്ങുകൾ ദീർഘനേരം വൈകി. കോർപ്പറേഷൻ കൗൺസിലർമാരായ അനൂപ് ബാലൻ, ഉമേശൻ കണിയാങ്കണ്ടി എന്നിവർ സംസ്കാരച്ചടങ്ങുകൾ വേഗത്തിലാക്കാൻ നേതൃത്വം നൽകി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീജ മഠത്തിൽ സ്ഥലത്തെത്തി.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും ഇൗ വിഷയം ചർച്ചയായി. സംസ്കാരച്ചടങ്ങുകൾക്കെത്തുന്നവർ അകാരണമായി തിരക്ക്‌ കൂട്ടുന്നതാണ് പ്രശ്നമാകുന്നതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ശ്മശാനം ജീവനക്കാരെ മർദിച്ച സംഭവത്തെ കൗൺസിൽ അപലപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!