അട്ടപ്പാടി: പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെയും അഞ്ചു വയസ്സുള്ള പെൺകുട്ടിയുടെയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യന്ത്രസഹായത്തോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിലാക്കി പുഴയിൽ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവരാണ് പുഴയോരത്ത് അടിഞ്ഞ നിലയിൽ മൂന്നു ചാക്കുകൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ മടക്കി ഇരുത്തിയ നിലയിലാണ് മൃതദേഹം ചാക്കിലാക്കിയിരുന്നത്. മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. കൃത്യത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.
തമിഴ്നാട്ടിൽ നിന്ന് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഗളി ഡിവൈ.എസ്.പി ആർ. അശോകൻ, സി.ഐ സി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപപ്രദേശങ്ങളിലും തമിഴ്നാട് അതിർത്തിയിലും അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

