ചട്ട വിരുദ്ധമായ നിര്‍മ്മാണമെന്ന് ആരോപണം: പാലക്കയംതട്ടിലെ റിസോര്‍ട്ടില്‍ എം.എല്‍.എയുടെ പരിശോധന

Kannadiparamba online news
Screenshot

നടുവിൽ: ടൂറിസം കേന്ദ്രമായ നടുവിൽ പഞ്ചായത്തിലെ പാലക്കയംതട്ടിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില റിസോർട്ട് കെട്ടിടത്തിനെതിരെ വ്യാപക പരാതി. നിർമ്മാണം ചട്ടലംഘിച്ചാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. എം.എൽ.എയുടെ മുൻ നിർദ്ദേശങ്ങൾ അവഗണിച്ച് പാലക്കയംതട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയും വ്യൂ പോയിന്റും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാൻ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് എം.എൽ.എ ആവശ്യപ്പെട്ടു.

നിർദ്ദേശം മറികടന്ന് മിന്നൽ വേഗത്തിൽ കോൺക്രീറ്റിങ്

മുമ്പൊരിക്കൽ പാലക്കയംതട്ട് സന്ദർശിച്ച വേളയിൽ ഈ റിസോർട്ട് കെട്ടിട നിർമ്മാണത്തിലെ അപാകതകൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയും, കെട്ടിട ഉടമയെ വിളിച്ച് നിയമാനുസൃതമായി മാത്രം നിർമ്മാണം നടത്തണമെന്നും മുകളിലേക്കുള്ള നിർമ്മാണം തുടരരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും അവഗണിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുകളിലത്തെ നിലയുടെ നിർമ്മാണം പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് വിഷയത്തിന്റെ ഗൗരവം ജില്ലാ-താലൂക്ക് വികസന സമിതികളിൽ ഉന്നയിച്ച എം.എൽ.എ, റവന്യൂ-ടൂറിസം വകുപ്പ് മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സന്ദർശന വേളയിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാജി പാണക്കുഴി, ടോമി കുമ്പിടിയാമാക്കൽ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

“റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി അപാകതകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി ബോധ്യപ്പെട്ടത്. പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയ്ന്റിനെയും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ മുകളിലത്തെ നില നിർമ്മിച്ചിരിക്കുന്നത്.” – സജീവ് ജോസഫ് എം.എൽ.എ

ആശങ്കയിലായി താഴെയുള്ള കുടുംബങ്ങൾ

അതീവ പരിസ്ഥിതിലോലമായ ഈ പ്രദേശത്തിന് താഴെയായി നിരവധി എസ്.ടി. കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമങ്ങൾ മറികടന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!