മെഡിക്കൽ കോളജ് (തിരുവനന്തപുരം): നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നാവായിക്കുളം ചിറയക്കോട് സ്വദേശി ദിന്‍ഷാദ് (29), ഭാര്യ കൊല്ലം തേവള്ളി സ്വദേശിനി ലിനറ്റ് (38) എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശിനിയായ 30കാരിയെ ഭീഷണിപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. യുവതി മറ്റൊരാളില്‍നിന്ന് ഗര്‍ഭിണിയായതോടെ അബോര്ഷന് നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. മുമ്പ് യുവതി ദമ്പതികളുടെ വീട്ടില്‍ താമസിച്ചിരുന്നു. ഈ സമയത്ത് ലിനറ്റിന്റെ അഭ്യർഥനപ്രകാരം താന്‍ പ്രസവിക്കുന്ന കുഞ്ഞിനെ നല്‍കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. ലിനറ്റിന്റെ പേരില്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് എടുക്കുകയും ലിനറ്റാണ് പ്രസവിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. ഇതിനുവേണ്ടി പണം മുടക്കിയത് ദമ്പതികളായിരുന്നു. യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു.
ഇതിനിടെ ദമ്പതികളും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ കുഞ്ഞിനെ നല്‍കില്ലെന്ന് യുവതി പറഞ്ഞു. ലിനറ്റും ദിന്‍ഷാദും ചേര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി. കുഞ്ഞ് തന്റേതാണെന്ന് ആശുപത്രി രേഖകളിലുണ്ടെന്നും പ്രസവത്തിനുള്ള എല്ലാ കാര്യങ്ങളും ചെയ്തത് തങ്ങളാണെന്നും വെറുതേവിടില്ലെന്നുമായിരുന്നു ഭീഷണി. സംഭവം പുറത്തായതോടെ മെഡിക്കല്‍ കോളജ് പൊലീസ് ഇടപെട്ട് യുവതിയെയും കുഞ്ഞിനെയും ആര്യനാടുള്ള സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
യുവതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ആശുപത്രി അധികൃതരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ ലിനറ്റിന്റെ പേരാണുള്ളതെന്ന് പൊലീസിൽ അറിയിച്ചത്. മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചു. ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേരുകള്‍ അന്‍ഷാദ് എന്നും ലിനറ്റ് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ചോദ്യംചെയ്യലിനുശേഷം ദമ്പതികളെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

