അർജുൻ ആയങ്കി പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്; സഹോദരൻ അഖിൽ കസ്റ്റഡിയിൽ

Kannadiparamba online news
Screenshot

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി തൃശൂര്‍ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്. അർജുൻ സഞ്ചരിച്ച കാർ ടോൾ പ്ലാസ കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളാണിവര്‍. 

അതേസനയം, അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കോതമംഗലം, ഊന്നുകൽ സ്റ്റേഷൻ ഓഫിസർമാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഭീഷണിസന്ദേശങ്ങൾ ഇടുകയും ഒടുവിൽ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുകയുംകൂടി ചെയ്തതോടെയാണിത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ ഊന്നുകൽ, കുട്ടമ്പുഴ ഇൻസ്പെക്ടർമാരായ ബി.എസ്. ആദർശ്, എ. ഷൈൻ കുമാർ ഉൾപ്പെടുന്ന 11 അംഗ സ്പെഷല്‍ സ്ക്വാഡാണ് രംഗത്തിറങ്ങിയത്. 

കഴിഞ്ഞ മേയിൽ പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്. കോതമംഗലം എസ്.എച്ച്.ഒ പ്രശാന്ത് കുമാറിനെതിരെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്കായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ വീണ്ടും പൊലീസിനെതിരെ തിരിഞ്ഞത്. 

ആയങ്കിയുടെ അറസ്റ്റ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അഭിമാനപ്രശ്നമായ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായുള്ള സംശയവും പൊലീസിനുണ്ട്. സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നില്‍ ആയങ്കിയുടെ സംഘത്തിലെ മറ്റാരോ ആണെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പുന്നേക്കാട് റിസോര്‍ട്ടില്‍നിന്ന് കസ്റ്റഡിയിലായി സ്റ്റേഷനില്‍ കഴിയുമ്പോഴും ആയങ്കിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. 

ഇക്കാര്യം പൊലീസ് അവഗണിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുകയാണ് ആയങ്കി. സുപ്രീംകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടുന്നതിന് തടയിടുന്നതിനാണ് പൊലീസിന്‍റെ നീക്കം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!