കതിരൂർ: വീട്ടിലെത്തി സ്ത്രീയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചോടിയ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അഞ്ചാംമൈൽ എ.ആർ.സി റോഡിലെ ‘ശ്രീ ശൈല’ത്തിൽ ടി.പി. സുമയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസിൽ കതിരൂർ പുല്യോട് സി.എച്ച്. നഗറിലെ തമ്മന വീട്ടിൽ ടി. മുഹമ്മദിനെയാണ് (56) നാട്ടുകാർ സാഹസികമായി പിടികൂടിയത്. തലശ്ശേരി കൊടുവള്ളിക്ക് സമീപം പഴക്കച്ചവടക്കാരനാണ് ഇയാൾ.
സുമയുടെ ഭർത്താവ് മനീഷിനെ അന്വേഷിച്ചാണ് മുഹമ്മദ് ഇവരുടെ വീട്ടിലെത്തിയത്. മനീഷ് വീട്ടിലില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ കുടിക്കാൻ വെള്ളം ചോദിച്ചു. കുടിവെള്ളം നൽകിയ ശേഷം സുമ തിരിച്ച് അകത്തു കയറിയപ്പോൾ പിന്നാലെ എത്തിയ മുഹമ്മദ് മാല പൊട്ടിച്ചോടുകയായിരുന്നു. സുമ ബഹളം വെച്ചുകൊണ്ട് ഇയാളുടെ പിന്നാലെ ഓടി. ഇതുകണ്ട സമീപവാസികളും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഓടുന്നതിനിടെ ഇയാൾ പൊട്ടിച്ച മാല വലിച്ചെറിഞ്ഞിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കതിരൂർ എസ്.ഐ. കെ. ജിഷ്ണുരാജും സംഘവും സുമയും ചേർന്ന് നടത്തിയ തിരച്ചിലിൽ റോഡരികിൽ നിന്നും മാല കണ്ടെടുത്തു. മാല പൊട്ടിക്കുന്നതിനിടെ സുമയുടെ കഴുത്തിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

