പുനർജനി കേസ്; വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് എം.വി. ഗോവിന്ദൻ

Kannadiparamba online news
Screenshot

തിരുവനന്തപുരം: വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.എൽ.എ എന്ന നിലയിൽ വിദേശയാത്ര നടത്തുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ വി.ഡി. സതീശൻ നിയമസഭാ സെക്രട്ടേറിയറ്റിൽനിന്നോ ആഭ്യന്തര വകുപ്പിൽനിന്നോ അനുമതി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്ന് ഫണ്ട് അഭ്യർഥിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല. അല്ലെങ്കിൽ പ്രത്യേകമായ അനുമതിയോടെ വേണം അത്തരമൊരു നിലപാട് സ്വീകരിക്കാൻ. 2018-ലെ പ്രളയകാലത്ത് കേരളത്തിലെ മന്ത്രിമാർക്ക് ഉൾപ്പെടെ വിദേശത്ത് പോയി ഫണ്ട് ശേഖരിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. യഥാർഥത്തിൽ വിദേശത്ത് ഫണ്ട് അഭ്യർഥിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഇംഗ്ലണ്ടിൽവെച്ച് ഓരോ വ്യക്തിയും 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആരുടെയെല്ലാം സഹായം ലഭിച്ചിട്ടുണ്ട്, എത്രത്തോളം ഫണ്ട് ലഭിച്ചു എന്നതുൾപ്പെടെ ഗൗരവമായി പരിശോധിക്കണം. മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് 22,500 പൗണ്ട് സമാഹരിച്ചതെന്നും ഇത് ഗൗരവമേറിയ അന്വേഷണം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുനിന്ന് ഫണ്ട് പിരിച്ചു എന്നത് വ്യക്തമാണ്. അതിന് അനുമതി തേടിയിട്ടില്ല എന്നതും വ്യക്തമാണ്. ഇത്തരത്തിൽ ഗൗരവമുള്ള ഒരു വിഷയത്തിൽ ആഭ്യന്തര മന്ത്രി വാർത്താസമ്മേളനം നടത്തി ക്ലീൻ ചിറ്റ് നൽകുന്നത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിൽനിന്ന് വ്യക്തമാകുന്നത്.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ മാത്രമേ കേസ് പൂർണമായി വെളിപ്പെടുകയുള്ളൂ. ഈ രീതിയിൽ ഗൗരവമുള്ള ഒരു കേസ് ആഭ്യന്തര വകുപ്പ് തിടുക്കത്തിൽ അവസാനിപ്പിക്കുന്നത് സതീശനെ രക്ഷിക്കാനാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!